ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അമ്മാവൻ കത്തിച്ച പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരി മരിച്ചു. തമിഴ്‌നാട് റാണിപേട്ടിലെ മാമ്പക്കം ആദിദ്രാവിഡ റെസിഡൻഷ്യൽ ഏരിയയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നവിഷ്‌ക എന്ന കുട്ടിയാണ് മരിച്ചത്.

അമ്മാവനായ വിഘ്‌നേഷ് നവിഷ്‌കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന് തീകൊളുത്തിയിരുന്നത്. ഇതിനിടെ ഒരു പടക്കം അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തുവീണ് പൊട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ കുഞ്ഞ് ചെയ്യാർ ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചുള്ള നിരവധി അപകടങ്ങൾ തമിഴ്‌നാട്ടിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണിന് പരിക്കേറ്റും നിരവധിയാളുകൾ ചികിത്സ തേടി.