ധാക്ക: ബംഗ്ലാദേശ് വിമാനത്തിനുള്ളിൽ സഹയാത്രികനെ യുവാവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ വൈറാലാകുന്നു. യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണുന്നത്, ഷർട്ട് അഴിച്ച് കരഞ്ഞുകൊണ്ട് വൈകാരികമായി മറ്റൊരു യാത്രക്കാരനെ മർദ്ദിക്കുന്ന യുവാവാണ്. അടി കൊള്ളുന്നയാളെ വീഡിയോയിൽ കാണുന്നില്ല. ഇദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഇരിക്കുമ്പോൾ തന്നെയാണ് യുവാവ് ഇദ്ദേഹത്തെ മർദ്ദിക്കുന്നത്.

എന്താണ് ഇവർക്കിടയിൽ പ്രശ്‌നമുണ്ടാകാനുള്ള കാരണമെന്നത് വ്യക്തല്ല. ഷർട്ടൂരി നിൽക്കുന്ന യുവാവ് പ്രകോപിതനാവുകയും വൈകാരികമായി ക്ഷോഭിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ അടി കൊണ്ടയാൾ തിരിച്ച് യുവാവിനെ അടിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മറ്റ് യാത്രക്കാർ ചേർന്ന് ഇവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇതും വീഡിയോയിൽ കാണാം.

വളരെയധികം നാണക്കേടുണ്ടാക്കുന്ന പെരുമാറ്റമാണിതെന്നും ഇത്തരം പ്രവണതകൾ വച്ചുപുലർത്തുന്നവരെ സമൂഹം മാറ്റിനിർത്തണമെന്നുമെല്ലാമാണ് വീഡിയോ കണ്ട ഒരു വിഭാഗം പേർ അഭിപ്രായപ്പെടുന്നത്. അതേസമയം യുവാവ് യാത്രക്കാരനെ കയ്യേറ്റം ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയേണ്ടതുണ്ടോയെന്നും എങ്കിൽ മാത്രമെ ഇതെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കൂവെന്നും അഭിപ്രായപ്പെടുന്ന മറുവിഭാഗവുമുണ്ട്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിമാനത്തിനകത്ത് വച്ച് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ വിമാനത്തിലെ ടോയ്‌ലറ്റിനകത്ത് നിന്ന് യാത്രക്കാരൻ പുകവലിച്ച സംഭവം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സഹയാത്രക്കാരനെ മർദ്ദിക്കുന്ന യുവാവിന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.