ബെംഗളൂരു: കേരളത്തിലെ മലയോര മേഖലയിൽ തിമിർത്തു പെയുന്ന മഴ കർണാടകത്തിലും ശക്തം. കർണാടകത്തിൽ കനത്ത മഴയെ തുടർന്ന് ബെംഗളൂരു - മൈസൂരു എക്സ്പ്രസ് പാത വെള്ളത്തിൽ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളിൽ അതിശക്തമായ മഴയാണ് തുടരുന്നത്.

പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡ്രൈനേജ് നിർമ്മാണം പൂർത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്. ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുന്നു. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളും പാതി വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ബസ്സുകളും കാറുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിൽ നിന്ന് അതിസാഹസികമായാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളിൽ കാണാം.