ബെംഗളൂരു: ബിജെപി ദേശീയ സെക്രട്ടറി സി.ടി. രവിയുടെ അനുയായി കോൺഗ്രസിൽ ചേർന്നു. ചിക്കമംഗളുരുവിലെ ലിംഗായത്ത് നേതാവായ എച്ച്.ഡി. തിന്മയ്യയാണ് കോൺഗ്രസിൽ ചേർന്നത്. സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് അദ്ദേഹം പാർട്ടി വിട്ടത്. 18 വർഷം പ്രവർത്തിച്ചിട്ടും ബിജെപി തന്നെ സ്ഥാനാർത്ഥിയാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് മുൻപായി ബിജെപിയുടെ നിരവധി നേതാക്കൾ കോൺഗ്രസിലേക്കെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ചിക്കമംഗളൂരുവിൽ മാത്രം 13 ബിജെപി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാം നിലയിലുള്ള പല നേതാക്കളെയും കോൺഗ്രസിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വലിയ നേതാക്കളെ മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ ബൂത്ത് തലം വരെയുള്ള നേതാക്കളെ കോൺഗ്രസ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.