അലഹബാദ്: ഗ്യാൻവാപി കേസിൽ മുസ്ലിം പള്ളി കമ്മിറ്റിയുടെ എല്ലാ ഹർജികളും തള്ളി അലഹബാദ് ഹൈക്കോടതി. ആറ് മാസത്തിനകം വാദം പൂർത്തിയാക്കാൻ വാരാണസി കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരാധാനാലയ സംരക്ഷണ നിയമം സിവിൽ കേസുകൾക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കാശി വിശ്വനാഥ് ഗ്യാൻവാപി ഭൂമി തർക്ക കേസുകളുമായി ബന്ധപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്.

ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹൈന്ദവ വിശ്വാസികൾ 1991ൽ നൽകിയ സിവിൽ കേസും വിഡിയോ സർവേ നടത്താനുള്ള കോടതി വിധിയും ചോദ്യം ചെയ്തുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. രാജ്യത്തെ രണ്ട് പ്രധാന സമുദായങ്ങളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും 6 മാസത്തിനകം കേസിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച 5 ഹർജികൾ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ചാണ് തള്ളിയത്. മസ്ജിദ് കോമ്പൗണ്ടിൽ മുസ്ലിം സ്വഭാവമോ ഹിന്ദു സ്വഭാവമോ ഉണ്ടാകാമെന്നും ഈ ഘട്ടത്തിൽ അത് തീരുമാനിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. സർവേ ആവശ്യമാണെന്ന് കീഴ്ക്കോടതിക്ക് തോന്നുന്നുവെങ്കിൽ, നടത്താൻ വിചാരണക്കോടതിക്ക് നിർദ്ദേശിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പള്ളി ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരുടെ വാദം.