- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാൻവാപി മുസ്ലിംകൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം;
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശം മുസ്ലിംകൾ ഹിന്ദുക്കൾക്കു വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിയുടെ സ്ഥാനത്ത് നേരത്തെ ക്ഷേത്രം സ്ഥിതിചെയ്തിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
"പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ നടത്തിയ പ്രാണപ്രതിഷ്ഠ സനാതന ധർമക്കാരെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ അയോധ്യ, കാശി, മഥുര ആയിരുന്നു എന്നും നമ്മുടെ ആവശ്യം. എല്ലാ തെളിവുകളും പുറത്തുവന്ന സ്ഥിതിക്ക് കാശി ഹിന്ദുക്കൾക്കു കൈമാറണമെന്ന് എന്റെ മുസ്ലിം സഹോദരന്മാരോട് അഭ്യർത്ഥിക്കുകയാണ്. സാമൂഹികസൗഹാർദത്തിന് അത് ആവശ്യമാണ്."-ഗിരിരാജ് സിങ് പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം ഒരു പള്ളിയും തങ്ങൾ തകർത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, പാക്കിസ്ഥാനിൽ ഒരു ക്ഷേത്രവും ബാക്കിയില്ല. മതസൗഹാർദം നിലനിൽക്കാൻ വേണ്ടി പറയുകയാണ്, ആരും പ്രകോപനപരമായ പരാമർശങ്ങൾ നടത്തരുതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ഇതു മാറിയ ഇന്ത്യയാണെന്നും സനാതന യുവാക്കൾ ഉണർന്നിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരെങ്കിലും ഔറംഗസേബോ ബാബറോ ആകാൻ ശ്രമിച്ചാൽ യുവാക്കൾ മഹാറാണാ പ്രതാപ് ആകും. പന്ത് നിങ്ങളുടെ കോർട്ടിലാണ്. സമാധാനം നിലനിൽക്കുന്നത് ഉറപ്പാക്കേണ്ടത് നിങ്ങളാണെന്നും മന്ത്രി ഗിരിരാജ് സിങ് കൂട്ടിച്ചേർത്തു.