കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിന് മുന്നറിയിപ്പുമായി ഗവർണർ സി വി ആനന്ദബോസ്. സംസ്ഥാനത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ അക്രമത്തെയാണ് ഗവർണർ രൂക്ഷമായി വിമർശിച്ചത്. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ ഭരണഘടനാപരമായ വഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായത്. കല്ലേറിൽ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. വാഹനങ്ങൾക്കും കേടുപാടു പറ്റി. തുടർന്ന് റെയ്ഡ് നടത്താതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ആശങ്കപ്പെടുത്തുന്നതും അപലപനീയവുമാണ് സന്ദേശ്ഖാലിയിൽ ഉണ്ടായ സംഭവമെന്ന് ആനന്ദബോസ് പറഞ്ഞു. കിരാതവാഴ്ചയെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുണ്ടായില്ലെങ്കിൽ ഗവർണർ എന്ന നിലയിൽ ഭരണഘടനാപരമായ പോംവഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു. രാജ്ഭവൻ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെയാണ് ഗവർണർ സർക്കാരിനു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബംഗാൾ ബനാന റിപ്പബ്ലിക് അല്ലെന്ന് സന്ദേശത്തിൽ പറയുന്നു.