- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ഹാർദ്ദിക് പാണ്ഡ്യ; സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം; വീട്ടിലേക്ക് ക്ഷണിച്ചതിനും കൂടിക്കാഴ്ചക്ക് സമയം നൽകിയതിനും നന്ദിയെന്നും ഹാർദ്ദിക്കിന്റെ ട്വീറ്റ്
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയിൽ സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ഹാർദ്ദിക് പാണ്ഡ്യ. പുതുവർഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാർദ്ദിക് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്റെ താൽക്കാലിക നായകനായ ഹാർദ്ദിക്കിനെ അമിത് ഷാ വീട്ടിലേക്ക് ക്ഷണിച്ചത്.
സഹോദരനും മുൻ ഇന്ത്യൻ താരവുമായ ക്രുനാൽ പാണ്ഡ്യയും ഹാർദ്ദിക്കിനൊപ്പം ഉണ്ടായിരുന്നു. അമിത് ഷായെ സന്ദർശിച്ച ചിത്രങ്ങൾ ഹാർദ്ദിക് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. വീട്ടിലേക്ക് ക്ഷണിച്ചതിനും കൂടിക്കാഴ്ചക്ക് സമയം നൽകിയതിനും അമിത് ഷായോട് ഹാർദ്ദിക് നന്ദി പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെ വിരലിന് പരിക്കേറ്റ രോഹിത് ശർമ വിശ്രമത്തിലായതിനാൽ മൂന്നിന് ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയിൽ ഹാർദ്ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്. സീനിയർ താരങ്ങളായ വിരാട് കോലി, കെ എൽ രാഹുൽ, ആർ അശ്വിൻ, ശിഖർ ധവാൻ എന്നിവരെയൊന്നും സെലക്ടർമാർ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
Thank you for inviting us to spend invaluable time with you Honourable Home Minister Shri @AmitShah Ji. It was an honour and privilege to meet you. ???? pic.twitter.com/KbDwF1gY5k
- hardik pandya (@hardikpandya7) December 31, 2022
ടി20 ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായതോടെ കോലിയും രോഹിത്തും അടക്കമുള്ളവരെ ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന്റെ നായകനായി ഹാർദ്ദിക്കിനെ വൈകാതെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ചാമ്പ്യന്മാരാക്കിയാണ് ഹാർദ്ദിക് തന്റെ നായകമികവ് പുറത്തെടുത്തത്.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. മൂന്ന് ടി20 മത്സരങ്ങൾക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും.ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല.
മറുനാടന് മലയാളി ബ്യൂറോ