- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു; ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് 500ലധികം യാത്രക്കാർ; ഹെലികോപ്റ്ററിൽ ഭക്ഷണവിതരണം തുടങ്ങി
ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്തമഴയെ തുടർന്ന് വൻ നാശനഷ്ടം. മഴക്കെടുതികളെ തുടർന്ന് സംസ്ഥാനത്ത് നാല് മരണം റിപ്പോർട്ട് ചെയ്തു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതവും റെയിൽ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അതേസമയം, തിരുച്ചെന്തൂരിൽ നിന്ന് 800 യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട 'ഷെന്തൂർ എക്സ്‌പ്രസ്' കനത്തമഴയെ തുടർന്ന് തിങ്കളാഴ്ച രാത്രി 8.30 ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. 300 ഓളം യാത്രക്കാരെ നാട്ടുകാരുടെ ശ്രമഫലമായി രക്ഷപ്പെടുത്തിയെങ്കിലും മഴകനത്തതിനാൽ രക്ഷാപ്രവർത്തനം മുടങ്ങി.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ട്രെയിനിലെ അഞ്ഞൂറോളം യാത്രക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വ്യോമ സേനയുടെ നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഭക്ഷണവിതരണവും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നുണ്ട്. സുലൂർ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ രണ്ട് ടണ്ണോളം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. രാമനാഥപുരം നേവിയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലായി പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.