- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്; തീരുമാനം നിയമസഭാ കക്ഷി യോഗത്തില്‍
റാഞ്ചി: ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ആയി വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ആണ് തീരുമാനം. ചംപൈ സോറന് സ്ഥാനം ഒഴിയും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിക്ക് ജൂണ്‍ 28നാണ് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തെ തടവിന് ശേഷം ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎംഎം നിര്‍ണായക തീരുമാനം എടുത്തത്. നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന പരിപാടികള്‍ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഹേമന്ത് സോറന് വീണ്ടും ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമന്‍സും അവഗണിച്ച ശേഷമാണ് സോറന് 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ദില്ലിയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ 8 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറന് റാഞ്ചിയിലെ വസതിയിലെത്തിയത്. തുടര്‍ന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറന് രാജി സമര്‍പ്പിക്കുകയായിരുന്നു.
പിന്നാലെ ചംപായ് സോറന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തിന് 47 വോട്ടും പ്രതിപക്ഷത്തിന് 29 വോട്ടുമാണ് വിശ്വാസ വോട്ടെടുപ്പില്‍ നേടാനായത്. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാരിന് ഇളക്കം തട്ടിയില്ല. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വാദം.