ന്യൂഡൽഹി: ഇ.ഡി.യുടെ അറസ്റ്റിനെതിരേ മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ ജെഎംഎം മേധാവിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം ഝാർഖണ്ഡിലെ പ്രതിസന്ധി അയയ്ക്കാൻ ചമ്പായി സോറനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു.

ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള രണ്ട് ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഫെബ്രുവരി 1 നായിരുന്നു ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ചമ്പായി സോറനെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഇന്ന് പുതിയ മുഖ്യമന്ത്രിയായി ചമ്പായി സോറൻ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തി ചമ്പായി സോറൻ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) എന്നിവർ ഉൾപ്പെടുന്ന സഖ്യത്തിന്റെ എംഎൽഎമാരുമായുള്ള ഏകദേശം 24 മണിക്കൂർ നീണ്ട രാഷ്ട്രീയ സംഘർഷത്തിനും അനിശ്ചിതത്വത്തിനും ശേഷമാണ് രാജ്ഭവന്റെ പ്രഖ്യാപനം. 47 എംഎൽഎമാരുടെ പിന്തുണ കത്ത് ഗവർണർ രാധാകൃഷ്ണന് സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഭരണഅട്ടിമറി യുണ്ടാകാതിരിക്കാൻ എംഎൽഎ മാരെ ഹൈദരാബാദിലേക്ക് മാറ്റാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

ഭൂമി കുംഭകോണ കേസിന്റെ ഇഡിയുടെ അന്വേഷണത്തിനിടയിൽ ജനുവരി 31 ബുധനാഴ്ച രാത്രി ഹേമന്ത് സോറൻ തന്റെ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ സോറനെ ഇ.ഡി. അറസ്റ്റും ചെയ്തു. 100 വർഷത്തിലേറെ പഴക്കമുള്ള രേഖകൾ വ്യാജമായി നിർമ്മിച്ച് ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയാണ് ഇഡി അന്വേഷിക്കുന്നത്.