ന്യൂഡൽഹി: ഉത്തർപ്രദേശിനെ നടുക്കി വീണ്ടും ദുരഭിമാന കൊലപാതകം. ഇതര സമുദായക്കാരനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. ഉത്തർ പ്രദേശിലെ ഗസ്സിയാബാദിലെ കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്.

സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ബന്ധുക്കൾക്കൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവർ എതിർത്തു. ഷീബ പിന്മാറാതിരുന്നതോടെയാണ് ക്രൂരകൃത്യം നടത്തിയത്.

അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴുത്തിൽ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവർ വെളിപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമാണ് കനാലിൽനിന്നും ലഭിച്ചത്.