ചെന്നൈ: തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊലയിൽ ദളിത് യുവാവിന് ജീവൻ നഷ്ടമായി. ജീവ എന്ന് പേരുള്ള യുവാവാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഏതാനും നാളായി ദളിത് യുവാവ് സ്ഥലത്തെ ഒരു സവർണ വിഭാഗത്തിൽ പെടുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ഇത് വീട്ടുകാർ എതിർത്തിരുന്നതായും വിവരമുണ്ട്. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തിരുന്നതായി കേൾക്കുന്നു.

സംഭവത്തിൽ ജീവയുടെ മൃതദേഹം സ്ഥലത്തെ ഒരു ശ്മശാനത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ജീവയുടെ വളർത്തുനായയുടെ ജഡവും തൊട്ടടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടുവർഷമായി പ്രണയത്തിലായിരുന്ന ജീവയും പെൺകുട്ടിയും വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് പെൺവീട്ടുകാർ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു. ഇതോടെ ജീവ താനും പെൺകുട്ടിയും നിൽക്കുന്ന ചിത്രം വിവാഹം ഉറപ്പിച്ച യുവാവിന് അയച്ചുകൊടുത്തു.

ഇതേ ചൊല്ലി ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം ജീവയുമായി വഴക്കുണ്ടാക്കുകയും ചെറിയ വാക്കുതർക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ജീവയെ പെൺകുട്ടിയെ ഉപയോഗിച്ച് തന്നെ പെൺവീട്ടുകാർ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തുകയും വകവരുത്തുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഒളിവിൽ പോയിരിക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനെ ജാതിക്കൊലപാതകമായി കാണാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.