ന്യൂഡൽഹി: കാർഗിലിലെ എയർസ്ട്രിപ്പിൽ ഇതാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം രാത്രിയിൽ പറന്നിറങ്ങി. വിഷമകരമായ സാഹചര്യത്തിൽ ടെറെയ്ൻ മാസ്‌കിങ് വഴിയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഗരുഡ് കമാൻഡോകളുടെ പരിശീലന ദൗത്യം കൂടി സമന്വയിപ്പിച്ചായിരുന്നു ചരിത്രത്തിൽ ആദ്യമായുള്ള പറന്നിറങ്ങൽ.

'ഇതാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം കാർഗിലിലെ എയർ സ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തിയിരിക്കുന്നു.' -വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേന എക്സിൽ കുറിച്ചു. .

കഴിഞ്ഞ വർഷം നവംബറിൽ വ്യോമസേനയുടെ സി-130 ജെ-30 സൂപ്പർ ഹെർക്കുലീസ് വിമാനം ഉത്തരാഖണ്ഡിലെ അതീവ ദുർഘടമായ എയർസ്ട്രിപ്പിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. സൈനികാവശ്യത്തിനുള്ള സാമഗ്രികൾ കൊണ്ടുപോകാനുള്ള വിമാനമാണ് ഇത്. സിൽക്യാരയിൽ നിർമ്മാണത്തിലിരിക്കെ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായാണ് ഈ വിമാനം അന്ന് പറന്നിറങ്ങിയത്. കലാപം നടക്കുകയായിരുന്ന സുഡാനിൽ നിന്ന് കഴിഞ്ഞ വർഷം 121 പേരെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിനും ഈ വിമാനമാണ് നിയോഗിച്ചത്.

പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയുയർത്തുന്ന എയർ സ്ട്രിപ്പാണ് കാർഗിലിലേത്. സമുദ്രനിരപ്പിൽ നിന്ന് 2676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിലിലെ കാലാവസ്ഥയും വിമാനങ്ങളുടെ ലാൻഡിങ്ങിനെ ദുഷ്‌കരമാക്കുന്നു. അത്യധികം വൈദഗ്ധ്യമുള്ള പൈലറ്റുമാർക്കുപോലും ഇവിടെ വിമാനം ലാൻഡ് ചെയ്യിക്കുക എന്നത് വെല്ലുവിളി ആണ്.

ലോക്ക്ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലോക്ക്ഹീഡ് മാർട്ടിൻ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം. നാല് എൻജിനുകളുള്ള ടർബോ പ്രൊപ് മിലിറ്ററി ട്രാൻസ്പോർട് എയർക്രാഫ്റ്റായ സി-130 ജെ മുൻഗാമിയെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിട്ടുനിൽക്കുന്ന വിമാനമാണ്. രണ്ട് പൈലറ്റുമാർ അടക്കം മൂന്നുപേർക്ക് വിമാനത്തിൽ സഞ്ചരിക്കാം. 19051 കിലോഗ്രാം ചരക്ക് വഹിക്കാൻ ശേഷിയുള്ള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 644 കിലോമീറ്ററാണ്. പരമാവധി ഭാരം വഹിച്ചുകൊണ്ട് ഒറ്റപ്പറക്കലിൽ 3300 കിലോമീറ്റർ ദൂരം താണ്ടാൻ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിന് കഴിയും.