ന്യൂഡൽഹി: വിമാനത്തിൽ വച്ച് 14 കാരിയുടെ സമീപത്തിരുന്ന് സ്വയം ഭോഗം ചെയ്‌തെന്ന കേസിൽ ഇന്ത്യാക്കാരനായ ഡോക്ടറെ വെറുതെ വിട്ടു. ബോസ്റ്റൺ ഫെഡറൽ കോടതിയാണ് ഡോ.സുദീപ്ത മൊഹന്തി(33 ) കുറ്റക്കാരനല്ലെന്ന് വിധിച്ചത്.

ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കൊണസ് മെഡിക്കൽ സെന്ററിലെ പ്രൈമറി കെയർ ഫിസിഷ്യനാണ് ഡോ.സുദീപ്ത. 2022 മെയിൽ ഹോണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രാ മധ്യേ ഹവായിയൻ എയർലൈൻസ് വിമാനത്തിൽ വച്ച് ലൈംഗിക ചേഷ്ട കാട്ടിയെന്നായിരുന്നു പരാതി.

സുദീപ്ത സ്വയംഭോഗം ചെയ്തെന്നായിരുന്നു 14-കാരിയുടെ പ്രധാന ആരോപണം. കഴുത്ത് വരെ പുതപ്പുമൂടിയനിലയിലാണ് ഇയാൾ യാത്രചെയ്തിരുന്നതെന്നും കാൽ മുകളിലേക്കും താഴേക്കും ചലിപ്പിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് താൻ പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നതായും 14-കാരി പറഞ്ഞു. വിമാനം ബോസ്റ്റണിൽ ലാൻഡ് ചെയ്തശേഷമാണ് സംഭവത്തെക്കുറിച്ച് പെൺകുട്ടി മുത്തശ്ശനോടും മുത്തശിയോടും വെളിപ്പെടുത്തിയത്. തുടർന്ന് അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാൽ, താൻ വിമാനത്തിൽ പ്രതിശ്രുത വധുവിന് ഒപ്പമാണ് യാത്ര ചെയ്തിരുന്നതെന്നും തങ്ങൾക്ക് ഇരുവർക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ഡോ.സുദീപ്ത പറഞ്ഞു. ഫിസിഷ്യനെന്ന നിലയിൽ, മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിച്ച തനിക്ക് ഈ വ്യാജ ആരോപണങ്ങളെ നേരിട്ടപ്പോൾ മാറി നിൽക്കേണ്ടി വന്നത് ഹൃദയഭേദമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.