ന്യൂഡൽഹി: കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വിമാനം ഏഴ് മണിക്കൂർ വൈകിയപ്പോൾ യുവാവിന് വിദേശത്തേക്ക് പോകേണ്ട വിമാനവും നഷ്ടമായത്. തന്റെ അവസ്ഥ അറിയിച്ചിട്ടും വിമാനകമ്പനി ജീവനക്കാർ വളരെ മോശം രീതിയിൽ പെരുമാറുകയും ചെയ്തത് യുവാവിനെ ചൊടിപ്പിച്ചു. ഇതോടെ കട്ടക്കലിപ്പിലായി യുവാവ്.

സമൂഹമാധ്യമമായ എക്സിൽ സംഭവം വിവരിച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ യുവാവിന് ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകിയാണ് ഇൻഡിഗോ വിഷയത്തിൽ നിന്ന് തലയൂരിയത്. കൊൽക്കത്ത സ്വദേശിയായ ദേബർഗയാ ദാസിനാണ് വിമാനം വൈകിയത് കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജനുവരി 13നാണ് സംഭവം നടന്നത്. രാത്രി 10 മണിക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ 4:41ന് ആണ് ടേക്കോഫ് ചെയ്തത്.

തനിക്ക് ബെംഗളൂരുവിൽ നിന്ന് വിദേശത്തേക്ക് പോകേണ്ടതാണെന്നും വിമാനം വൈകിയാൽ അത് നഷ്ടമാകുമെന്നും ദാസ് ജീവനക്കാരെ അറിയിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്ത് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് എടുക്കാനുദ്ദേശിക്കുന്നുവെന്ന് അറിയിച്ചപ്പോൾ ക്യാൻസലേഷൻ അനുവദിക്കില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. വളരെ മോശമായി പെരുമാറിയെന്നും ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും അതിന്റെ ഒരു മര്യാദയും തനിക്ക് ലഭിച്ചില്ലെന്നും ദാസ് പറയുന്നു.രൂക്ഷമായ ഭാഷയിലാണ് ദാസ് എക്സിൽ വിവരം പങ്കുവെച്ചത്.

ജീവിതത്തിലെ ഏറ്റവും മോശം വിമാനയാത്രയാണ് ഇൻഡിഗോ സമ്മാനിച്ചത്. അത് കാരണം അന്താരാഷ്ട്ര വിമാനയാത്ര മുടങ്ങി. എല്ലായിപ്പോഴും കൃത്യ സമയത്ത് എന്ന ഇൻഡിഗോയുടെ ടാഗ് ലൈനിനേയും ദാസ് പരിഹസിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ ഇൻഡിഗോ അധികൃതർ വിഷയത്തിൽ ഇടപെട്ടു. ദാസിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിയുന്നുവെന്ന് പറഞ്ഞ കമ്പനി വിമാനടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകിയാണ് വിഷയത്തിൽ നിന്ന് തലയൂരിയത്.