- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനം വൈകുമെന്ന് അറിഞ്ഞിട്ടും യാത്രക്കാർക്ക് സൗകര്യം ഒരുക്കിയില്ല; റൺവേയിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായതോടെ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാർക്ക് റൺവേയിൽ ഇരുന്നുഭക്ഷണം കഴിക്കേണ്ടി വന്ന സംഭവത്തിൽ, ഇൻഡിഗോ എയർലൈൻസിനും, മുംബൈ വിമാനത്താവളത്തിനും കേന്ദ്രസർക്കാർ നോട്ടീസ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് കേന്ദ്രം ഇടപെട്ടത്.
ഇന്നുവൈകുന്നേരത്തോടെ സമഗ്രമായ മറുപടിയാണ് കേന്ദ്രസർക്കാർ തേടിയിരിക്കുന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിന്റെ ഫലമായാണ് മുംബൈയിലും പ്രശ്‌നം ഉണ്ടായത്. എന്നാൽ, മുംബൈ വിമാനത്താവള അധികൃതരോ, ഇൻഡിഗോയോ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും യാത്രക്കാർക്ക് വേണ്ട സൗകര്യം ഒരുക്കിയില്ലെന്നും വ്യോമയാന മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.
അനുവദിച്ച പ്രവേശന കവാടത്തിൽ നിന്ന് വിമാനത്തിലേക്കും പുറത്തേക്കും കടക്കാൻ കാൽനടയാത്രക്കാർക്ക് അനുയോജ്യമായ കോൺടാക്ട് സ്റ്റാന്റിന് പകരം റിമോർട്ട് ബേ ആണ് വിമാനത്തിൽ ഒരുക്കിയതെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. ഗോവ-ഡൽഹി 6E2195 നമ്പർ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളത്തിലെ റൺവേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നത്. സംഭവത്തിൽ യാത്രക്കാരോട് ഇൻഡിഗോ മാപ്പുപറയുകയും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, മേഖലയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഡൽഹിയിൽ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് ഇൻഡിഗോ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.


