മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമ്മാണത്തിന് വിലക്ക് ഏർപ്പെടുത്തിയ മഹാരാഷ്ട്രാ സർക്കാർ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി. കമ്പനിക്ക് ഉത്പന്നം നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, എസ്ജി ദിഗെ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

സർക്കാർ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാൻ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്ന്, സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. കമ്പനിയിൽനിന്ന് 2018 ഡിസംബറിൽ പിടിച്ചെടുത്ത സാംപിളുകൾ പരിശോധിക്കാൻ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയെ കോടതി വിമർശിച്ചു.

സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാൽ ഒരു ഉത്പന്നത്തിന്റെ നിലവാരത്തിൽ ചെറിയൊരു വ്യതിചലനം കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തിൽ അടച്ചുപൂട്ടുന്നതു യുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു. വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു.

പിഎച്ച് ലെവൽ കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഫാക്ടറി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. പുതിയ പരിശോധനകളിൽ ബേബി പൗഡറിന്റെ എല്ലാ ബാച്ചും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2018ലാണ് ലബോറട്ടറി പരിശോധനാഫലം പ്രതികൂലമായതിന് പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പാദനവും വിൽപനയും നിർത്തിവച്ചത്. മഹാരാഷ്ട്ര സർക്കാരായിരുന്നു കമ്പനിയുടെ പൗഡർ ഉത്പാദനം നിർത്തിവയ്പിച്ചത്. കുട്ടികൾക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്പന്നമായതിനാൽ തന്നെ സംഭവം വലിയ വിവാദമാവുകയും ചെയ്തു.

തുടർന്ന് നാല് വർഷത്തോളമായി ബേബി പൗഡർ ഉത്പാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ മൂന്ന് വിധികളാണ് കമ്പനിക്ക് പ്രതികൂലമായി വന്നിരുന്നത്. ഇതിനെതിരെയാണ് കമ്പനി കേസ് നടത്തിയിരുന്നത്. ഈ കേസിലാണ് ഇപ്പോൾ ഇവർ അനുകൂലവിധി നേടിയെടുത്തിരിക്കുന്നത്.

ബേബി പൗഡർ വീണ്ടും ലബോറട്ടറി പരിശോധനയ്ക്ക് അയക്കും. ഇക്കാര്യവും കോടതി തന്നെയാണ് നിർദേശിച്ചത്. ഇതിന്റെ ഫലം കൂടി വന്ന ശേഷമായിരിക്കും കമ്പനിക്ക് ഉത്പാദനം തുടങ്ങുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകുക.