ബെംഗളൂരു: കർണാടകയിലെ മുൻ ബിജെപി സർക്കാരിന് എതിരെ 40 ശതമാനം കമ്മീഷൻ എന്ന ആരോപണം ഉന്നയിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്ക് കോടതി നോട്ടീസ്. മാർച്ച് 28 ന് പ്രത്യേക എംപി/എംഎൽഎ കോടതിയിൽ നേതാക്കൾ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയുടെ ലീഗൽ യൂണിറ്റിലെ അഭിഭാഷകനായ വിനോദ് കുമാർ കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ബിജെപിക്കെതിരെ കമ്മീഷൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ബിജെപി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പ്രചാരണം കോൺഗ്രസ് നടത്തിയത്.'40 ശതമാനം സർക്കാർ' എന്ന വെബ്സൈറ്റിലേക്ക് എത്തുന്ന രീതിയിലായിരുന്നു പോസ്റ്ററുകളിലെ ക്യുആർ കോഡ്. 40 ശതമാനം കമ്മീഷൻ ആരോപണങ്ങളിൽ ആറാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് മാസത്തിന് ശേഷം, മുൻ ബിജെപി സർക്കാരിനെതിരായ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും 40 ശതമാനത്തിന് പകരം കോൺഗ്രസ് ഭരണം 50 ശതമാനം കമ്മീഷനുകൾ വാങ്ങുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു.