ഇംഫാൽ: മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ ആദ്യം പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മണിപ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാവിന് സ്വർണ്ണക്കിരീടം വെക്കുന്നവർ പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വരാൻ പറയണം. മണിപ്പൂരിലെ ജനങ്ങളെ കാണാൻ പറയണം. അതിനുള്ള ആർജവവും ധൈര്യവും കാണിക്കണം. മണിപ്പൂരിലെ ജനങ്ങളുടെ വികാരങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാറോ പ്രധാനമന്ത്രിയോ ബിജെപിയോ തയാറായിട്ടില്ല -കെ.സി വേണുഗോപാൽ പറഞ്ഞു.

നവകേരള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ബസ് ആഡംബരമെന്ന് വിമർശിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാഹുൽ ഗാന്ധി ന്യായ് യാത്രയിൽ സഞ്ചരിക്കുന്ന ബസിനെക്കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തിന്, ഇത് സാധാരണക്കാരന്റെ പണം ഖജനാവിൽ നിന്ന് എടുത്ത് ഉണ്ടാക്കിയതല്ലെന്നായിരുന്നു മറുപടി. ഇത് 6,500 കിലോമീറ്റർ യാത്രയാണ്. ബാലിശമായ ആരോപണമാണിത്. അവർക്ക് വിരോധം മോദിയോടല്ല, രാഹുൽ ഗാന്ധിയോടാണെന്നും കെ.സി. വേണുഗോപാൽ മറുപടി നൽകി.