ഭോപ്പാൽ: ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ മധ്യപ്രദേശിനെ നശിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്. മധ്യപ്രദേശിലെ സിയോനിയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമൽനാഥ്.

'അവർ മധ്യപ്രദേശിനെ ഒരു നശിച്ച സംസ്ഥാനമാക്കി മാറ്റി. സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഇവിടെ ദുരിതത്തിലാണ്. സമ്പദ്വ്യവസ്ഥ നശിപ്പിക്കപ്പെട്ടു. ആരോഗ്യ സൗകര്യങ്ങൾ വളരെ മോശമാണ്. വിദ്യാഭ്യാസ സൗകര്യങ്ങൾ കൃഷി എല്ലാം നശിച്ചു'- കമൽനാഥ് പറഞ്ഞു.

യുവാക്കളെക്കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ടെന്നും അവരാണ് സംസ്ഥാനത്തിന്റെ ഭാവി. അവരുടെ ഭാവി ഇരുട്ടിലാണെങ്കിൽ സംസ്ഥാനത്തിന്റെ ഭാവിയും ഇരുട്ടിലാകുമെന്നും നവംബർ 17 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ സംബന്ധിച്ചതല്ലെന്നും അത് മധ്യപ്രദേശിന്റെ ഭാവിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം വൈവിധ്യങ്ങളാൽ നിറഞ്ഞതാണെന്നും നമ്മുടെ സംസ്‌കാരം സൗഹൃദ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്നും എന്നാൽ ഇപ്പോൾ ആ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലേക്ക് നോക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും നമ്മുടെ സംസ്‌കാരം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയുടെ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.