ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം. ബ്രിഗേഡ് കമാൻഡർ തല അന്വേഷണത്തിനാണ് കരസേന ഉത്തരവിട്ടത്. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമേയാണിത്.

പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയിൽ നിന്നും ഡിസംബർ 22 ന് സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സൈന്യം കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. മരിച്ചവരെ ചില സൈനികർ മർദ്ദിക്കുന്ന വിധത്തിൽ ദൃശ്യങ്ങളും പ്രചരിച്ചു. ഇതോടായണ് സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

കശ്മീരിലെ പൂഞ്ചിൽ നാലു ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് യുവാക്കളെ ചോദ്യം ചെയ്യാനായി സൈന്യം കസ്റ്റഡിയിലെടുത്തത്. 27 നും 43 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. തോപ പീർ ഗ്രാമവാസികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരാണ് മരിച്ചത്.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. യുവാക്കളുടെ മരണത്തിൽ ജമ്മു കശ്മീർ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ സൈന്യം പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പീഡിപ്പിച്ചതായി ആരോപണവിധേയരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

യുവാക്കളുടെ ദുരൂഹ മരണത്തിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. യുവാക്കളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.