ന്യൂഡല്‍ഹി: കാവഡി യാത്രാ വഴികളില്‍ വ്യാപാരികള്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ ഉത്തരവിനെതിരെ കേരളാ എംപിമാര്‍. ഈ വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍, പി.സന്തോഷ് കുമാര്‍ എന്നിവര്‍ ചട്ടം 267പ്രകാരം നോട്ടീസ് നല്‍കി.

ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്‍കി. കടകള്‍ക്ക് മുമ്പില്‍ വ്യക്തികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മതാടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനാണെന്ന് രാജ്യസഭ ചെയര്‍മാന് നല്‍കിയ നോട്ടീസില്‍ ഹാരിസ് ബീരാന്‍ വ്യക്തമാക്കി.

വിശ്വാസത്തിന്റെ പേരില്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിരുത്തരവാദിത്വമായ പ്രസ്താവനകളാണ് കേന്ദ്രമന്ത്രിമാരില്‍ നിന്ന് പോലും ഉണ്ടാവുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ നേര്‍ക്ക് പകപോക്കലിന്റെ രാഷ്ട്രീയമാണ് യോഗി സര്‍ക്കാര്‍ അഴിച്ചു വിടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജമ്മു-കാശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാവുകയാണെന്നും കേന്ദ്രം തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ ലോക് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.