ജയ്പൂർ: ബിജെപിയുടെ ലക്ഷ്യം ആർ.എസ്.എസ് അജണ്ട പ്രചരിപ്പിക്കലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി ദലിത് വിരുദ്ധ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മറ്റും ഉണ്ടാക്കിയ സാമൂഹ്യനീതിയും ദലിത് സംരക്ഷണത്തിനായുള്ള നിരവധി നിയമങ്ങളും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'രാജ്യത്തിന്റെ ഭരണഘടന സാമൂഹ്യനീതി പ്രദാനം ചെയ്യുന്നു. എന്നാൽ ബിജെപി ഒരിക്കലും ദലിതർക്കൊപ്പമായിരുന്നില്ല. ആർ.എസ്.എസിന്റെ അജണ്ട കൂടുതൽ പ്രചരിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ദരിദ്രർക്കും ദലിതർക്കും വേണ്ടി ഒരിക്കലും ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ അവർ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നു' - അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിക്ക് എത്രവേണമെങ്കിലും ശ്രമിക്കാം എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ നേരത്തെ പറഞ്ഞിരുന്നു. ബിജെപി സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരും ആക്കാനാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയും ബിജെപിയും ചേർന്ന് കോൺഗ്രസിന്റെ നയങ്ങൾ മോഷ്ടിച്ച് അവരുടെ തെരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുകയാണെന്ന് ഖാർഗെ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.