മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് താരം യ്ക്കും ക്ഷണമുണ്ട്. ജനുവരി 22 ന് ചടങ്ങ് നടക്കാനിരിക്കെ, നിരവധി പ്രമുഖരെയാണ് ക്ഷണിക്കുന്നത്. രാഷ്ട്രീയ നേതാക്കളും, കായികതാരങ്ങളും, സിനിമാ താരങ്ങളും എല്ലാം അടങ്ങുന്ന പ്രമുഖർക്കാണ് ക്ഷണം.

അഫ്ഗാനിസ്ഥാന് എതിരായ ടി 20 പരമ്പരയ്ക്കായി ഇൻഡോറിൽ ആയിരുന്ന കോഹ്്‌ലി ക്ഷണം സ്വീകരിക്കാൻ വേണ്ടി മുംബൈയിലെ വീട്ടിലേക്ക് പറന്നെത്തി. ഇനി ബെംഗളൂരുവിൽ മൂന്നാമത്തെ മത്സരത്തിനായി യാത്ര തിരിക്കും.

ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, രോഹിത് ശർമ, എം എസ് ധോണി, ഹർഭജൻ സിങ് എന്നിവർക്കും ജനുവരി 22 ന് അയോധ്യയിലെത്താൻ ക്ഷണം ലഭിച്ചിട്ടുണ്ട്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഏഴായിരത്തോളം അതിഥികൾ പ്രതിഷ്ഠാ ചടങ്ങിനായി എത്തുമെന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. ജനുവരി 22 ന് ക്ഷേത്രത്തിലെ ചടങ്ങുകൾ അവസാനിച്ച ശേഷം പൊതുജനങ്ങൾക്ക് ക്ഷേത്രത്തിലെത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

''ജനുവരി 22 ന് അയോധ്യയിലെത്തി ചടങ്ങുകളുടെ ഭാഗമാകാൻ എല്ലാവർക്കും താൽപര്യമുണ്ടാകും. എന്നാൽ എല്ലാവർക്കും അതിനു സാധിക്കില്ലെന്നു നിങ്ങൾക്ക് അറിയാം. അതിനാൽ പ്രതിഷ്ഠാ ചടങ്ങുകൾ കഴിഞ്ഞ ശേഷം സൗകര്യം പോലെ അയോധ്യയിലെത്താൻ ഞാൻ എല്ലാ ശ്രീരാമ ഭക്തരോടും അഭ്യർത്ഥിക്കുകയാണ്. '' പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഒരുക്കുന്നുണ്ട്. അതിഥികൾക്ക് 'രാം രാജ്' ഉൾപ്പെടുന്ന പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്നാണ് സൂചന. ഉദ്ഘാടന ദിവസം അതിഥികൾക്ക് പ്രസാദമായി മൊത്തിച്ചൂർ ലഡുവും വിതരണം ചെയ്യും.

ധോണിക്കും സച്ചിനും പുറമെ, നീരജ് ചോപ്ര, പിവി സിന്ധു തുടങ്ങി നിരവധി അന്താരാഷ്ട്ര അത്‌ലറ്റുകൾക്ക് ക്ഷണം ലഭിക്കുമെന്നാണ് വിവരം. അതേസമയം ജാക്കി ഷ്‌റോഫ്, രജനികാന്ത്, രൺബീർ കപൂർ തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചുകഴിഞ്ഞു.