ചണ്ഡീഗഡ്: പഞ്ചാബിലെ പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികൾ നിർത്തിവെക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്യേണ്ടിവരുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ച് ഇന്ത്യൻ സേന. പ്രാദേശിക ഭരണകൂടത്തിൽ നിന്ന് യാതൊരു വിധത്തിലുള്ള പിന്തുണയും അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികൾക്ക് ലഭിക്കുന്നില്ലെന്ന് കാണിച്ച് കരസേനയുടെ ജലന്ധർ സോണൽ റിക്രൂട്ട്മെന്റ് ഓഫീസർ മേജർ ജനറൽ ശരദ് ബിക്രം സിങ് ആംആദ്മി സർക്കാരിന് കത്തയച്ചു.

സംസ്ഥാന ഭരണകൂടത്തിൽനിന്ന് തികച്ചും നിരുത്തരവാദപരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേജർ ജനറൽ അറിയിക്കുകയും ചെയ്തു. ഇതോടെ അഗ്‌നിപഥ് പദ്ധതിക്കാവശ്യമായ എല്ലാവിധ സഹായവും നൽകാൻ മുഖ്യമന്ത്രി ഭഗവന്ത് മാൻ ജില്ലാഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിൽ അശ്രദ്ധ വരുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ യുവാക്കളെ സൈനിക സേവനത്തിനായി സജ്ജരാക്കുമെന്നും ഭഗവന്ത് മാൻ വ്യക്തമാക്കി.

സർക്കാർ വ്യക്തമായ നിർദ്ദേശം നൽകാത്തതിനാലാണ് പഞ്ചാബിലെ അധികൃതരിൽനിന്ന് സഹകരണം ലഭിക്കാത്തതെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ അഭിസംബോധന ചെയ്തെഴുതിയ കത്തിൽ മേജർ ജനറൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലികൾ മരവിപ്പിക്കണമെന്നോ അല്ലെങ്കിൽ അയൽസംസ്ഥാനങ്ങളിൽ വെച്ച് നടത്തണമെന്നോ സേനാ ആസ്ഥാനത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. എഎപി സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചതോടെ റിക്രൂട്ട്മെന്റ് റാലികൾ നിർത്തി വെക്കാനോ അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റാനോ തീരുമാനിക്കില്ലെന്ന് ഇന്ത്യൻ സേന അറിയിച്ചു.

പതിനേഴര മുതൽ 23 വയസ് വരെയുള്ള യുവാക്കൾക്ക് ഹ്രസ്വകാല സൈനികസേവനത്തിന് അവസരമൊരുക്കുന്ന അഗ്‌നിപഥ് പദ്ധതി ജൂണിലാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നാല് വർഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിച്ചപ്പോൾ ഭൂരിപക്ഷതാത്പര്യം മുൻനിർത്തി പദ്ധതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ ഒരു പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തിരുന്നു.