പട്‌ന: ഭൂമി കുംഭകോണ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സമൻസിനെതിരെ സഞ്ജയ് യാദവ് നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.

സഞ്ജയ് യാദവിനു മൂന്നു തവണ സമൻസ് നൽകിയെങ്കിലും സിബിഐക്കു മുന്നിൽ ഹാജരായിരുന്നില്ല. കേസന്വേഷണവുമായി സഹകരിക്കാനും അടുത്ത ശനിയാഴ്ച ചോദ്യം ചെയ്യലിനു സിബിഐയുടെ ഡൽഹി ഓഫിസിൽ ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരം ലാലു കുടുംബാംഗങ്ങളുടെ പേരിൽ തുച്ഛമായ വിലയ്ക്ക് ഭൂമി സമാഹരിച്ചുവെന്നതാണ് കേസ്.

സഞ്ജയ് യാദവിനെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെങ്കിൽ മുൻകൂറായി നോട്ടിസ് നൽകാനും ഹൈക്കോടതി സിബിഐയോടു ആവശ്യപ്പെട്ടു. സിബിഐയുടെ ഡൽഹി ഓഫിസിൽ ഹാജരാകാൻ കഴിയില്ലെന്നും പട്‌ന ഓഫിസിൽ ഹാജരാകാൻ അനുവദിക്കണമെന്നുമുള്ള സഞ്ജയ് യാദവിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.