പട്‌ന: ബിഹാറിൽ വ്യാജ മദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാറിലെ സിതാമർഹി ജില്ലയിലാണ് സംഭവം. വ്യാജമദ്യം വിറ്റതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാജമദ്യം കഴിച്ച് രണ്ട് പേർ സിതാമർഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുവെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രദേശത്ത് രണ്ട് പേർ കൂടി ഇത്തരത്തിൽ മരിച്ചതായി ഗ്രാമവാസികൾ പൊലീസിനെ അറിയിച്ചു. എന്നാൽ മരണവിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

2016-ൽ നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചിരുന്നു. എങ്കിലും സംസ്ഥാനത്ത് മദ്യക്കടത്ത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. ഈ വർഷം ഏപ്രിലിൽ വ്യാജമദ്യം കഴിച്ച് കിഴക്കൻ ചമ്പാരൻ ജില്ലയിൽ 30-ലധികം പേർ മരിച്ചിരുന്നു.