ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ സമയം നീട്ടിച്ചോദിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിശദീകരണം നൽകാൻ മഹുവ ഒക്ടോബർ 31ന് ഹാജരാകണമെന്ന് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ, വിശദീകരണം നൽകാൻ മഹുവ കൂടുതൽ സമയം ചോദിച്ചു. തനിക്ക് ആ ദിവസം ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പരിപാടിയുണ്ടെന്നും, നവംബർ നാലു വരെ തിരക്കാണെന്നും അതുകഴിഞ്ഞ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാമെന്നുമാണ് മഹുവ പറഞ്ഞത്.

ദുർഗാ പൂജയുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായ ദർശൻ ഹിരനന്ദാനിക്ക് മഹ്‌വ മൊയ്ത്ര തന്റെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ്‌വേഡും കൈമാറിയെന്നാണ് ആരോപണം. ഇതെ കുറിച്ചാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കുന്നത്. ദുർഗാ പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ളതു കൊണ്ടാണ് ഹാജരാകാൻ കഴിയാത്തതെന്ന് മഹുവ അറിയിച്ചു. നവംബർ അഞ്ചിനു ശേഷം കമ്മറ്റി നിർദേശിക്കുന്ന ഏതു ദിവസവും ഹാജരാകാൻ തയാറാണെന്നും മഹുവ പറഞ്ഞു.

വ്യവസായി ദർശൻ ഹിരാനന്ദാനിയെ വിളിച്ചുവരുത്തണമെന്നും എതിർ വിസ്താരം നടത്തണമെന്നും മഹുവ കത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റ് എത്തിക്‌സ് കമ്മറ്റി അയച്ച സമൻസിന് മഹുവ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീംകോടതി അഭിഭാഷകനും മഹുവയുടെ മുൻ പങ്കാളിയുമായ ജയ് ആനന്ദ് ദേഹാദ്രായ് എന്നിവരുടെ മൊഴി വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. വഞ്ചകനായ മുൻ പങ്കാളി എന്നാണ് ദേഹാദ്രായിയെ മഹുവ മുമ്പ് വിശേഷിപ്പിച്ചത്.

സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യം ചോദിക്കാൻ അനുമതി നൽകുക വഴി പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. ഐ.ഡിയും പാസ്‌വേഡും നൽകിയതു വഴി ഹിരനന്ദാനി ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദുബെ ആരോപിച്ചു.

ദേശീയതലത്തിൽ പെട്ടെന്ന് പേരെടുക്കുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും മഹുവയെ ഉപദേശിച്ചുവെന്നും ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലത്തിൽ ആരോപിച്ചു.