ലക്‌നൗ: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രാജ്പുതിനെ( വിജയലക്ഷ്മി) ദുരൂഹസാഹചര്യത്തിൽ, വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ സുൽത്താൻപൂരിലാണ് സംഭവം. വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് 35 കാരിയെ കണ്ടെത്തിയത്.

പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കുടുംബം ഉറക്കത്തിലായിരിക്കെയാണ് മല്ലിക കടുംകൈ കാട്ടിയതെന്ന് അമ്മ പറഞ്ഞു. വാതിൽ തുറക്കാതെ വന്നതോടെ, ജനലിലൂടെ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും അമ്മ അറിയിച്ചു.

കങ്കണ റണൗട്ട് മുഖ്യവേഷമിട്ട ക്രൈം കോമഡി റിവോൾവർ റാണിയിൽ സഹനടിയായിരുന്നു മല്ലിക രാജ്പുത്. ഷാനിന്റെ യാരാ ടുജേ എന്ന പാട്ടിന്റെ മ്യൂസിക് വീഡിയോയിലും പ്രത്യേക്ഷപ്പെട്ടു. 2016 ൽ ബിജെപിയിൽ ചേർന്നെങ്കിലും രണ്ടുവർഷത്തിന് ശേഷം പാർട്ടി വിട്ടു.

ബോളിവുഡിലും, രാഷ്ട്രീയത്തിലും ശോഭിക്കാതെ വന്നതോടെ മല്ലിക ആത്മീയതയിലേക്ക് നീങ്ങി. 2022 ൽ ഭാരതീയ സവർണ സംഘിന്റെ ദേശീയ സെക്രട്ടറി ജനറലായി നിയമിതനായി. കഥക് നർത്തകിയായിരുന്നു. അവസാന കാലത്ത് സ്വന്തമായി ഗസലുകൾ രചിച്ച് പാടിയിരുന്നു.