ബംഗളുരു: ഫലസ്തീനെ അനുകൂല പ്രചാരണം നടത്തിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയനഗര സ്വദേശി ആലം പാഷ (20)യെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ് ആപ്പ് സ്റ്റാറ്റസിലാണ് യുവാവ് ഫലസ്തീൻ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്തത്.

ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ, വിജയനഗറിലെ ഹോസ്‌പേട്ടിൽ ചിലർ ഫലസ്തീനിനു പിന്തുണ നൽകുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്‌പെട്ടിലെ സമുദായിക സൗഹാർദ്ദം തകർക്കുക ലക്ഷ്യമിട്ട് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആലം പാഷയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇയാൾക്കെതിരെ കേസെടുത്തതായും, യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. ഓപ്പറേഷൻ അജയ് എന്ന് പേര് നൽകിയ ദൗത്യത്തിൽ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതിൽ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലർച്ചെ ആറ് മണിയോടെയാണ് വിമാനം ഡൽഹിയിൽ എത്തിയത്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഇസ്രയേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു.

ഇസ്രയേലിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.