ഗസ്സിയാബാദ്: ഹോട്ടലിൽ തന്നോടൊപ്പം തങ്ങാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഗൗതം ആണ് ഗസ്സിയാബാദ് പൊലീസിന്റെ പിടിയിലായത്. ഗൗതമും വിവാഹിതയായ രചനയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ ഇടയ്ക്കു കാണാറുണ്ടായിരുന്നുവെന്ന് രചനയുടെ ഭർത്താവ് രാജ്കുമാർ പൊലീസിനോടു പറഞ്ഞു.

ക്രിസ്മസ് ദിവസം ഗസ്സിയാബ്ദിൽ ഹോട്ടലിൽ വച്ച് ഇരുവരും കണ്ടെങ്കിലും രചന നേരത്തെ പോവാനൊരുങ്ങി. തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെ ഹോട്ടൽ ജീവനക്കാർ മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് തറയിൽ കിടക്കുന്ന മൃതദേഹം കണ്ടത്. അവർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി കാമറ പരിശോധിച്ച പൊലീസ് ഗൗതമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടലിൽ തങ്ങാൻ വിസമ്മതിച്ച രചനയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി ഗൗതം പൊലീസിനോടു സമ്മതിച്ചതായാണ് സൂചന.