ചണ്ഡിഗഡ്: പഞ്ചാബിൽ ഗുരുനിന്ദ ആരോപിച്ച് യുവാവിനെ നിഹാങ് സിഖ് വിഭാഗത്തിൽപെട്ടയാൾ വധിച്ചു. കപുർത്തല ജില്ലയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. നിഹാങ് രമൺദീപ് സിങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ദൃശ്യങ്ങളും പങ്കുവെച്ചു.

ഗുരുദ്വാര ശ്രീ ചൗര കൂഹ് സാഹിബിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗുർപ്രീത് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കപുർത്തലയിൽ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ അക്രമമാണിത്. ഗുരുദ്വാരയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ നിഹവങ്ങിന്റെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. സിഖ് സമുദായത്തിലെ സായുധ സംഘമാണ് നിഹാങ്ങുകൾ.