ന്യൂഡൽഹി: ഭാര്യയേയും കാമുകനേയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സണ്ണി എന്ന ഗന്ധർവ് ആണ് അറസ്റ്റിലായത്. തെക്കൻ ഡൽഹിയിൽ സഫ്ദർജങ് ആശുപത്രിയുടെ രണ്ടാം ഗേറ്റിനു സമീപമാണ് 30കാരിയായ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദേഹം മുഴുവനും മുറിവേറ്റ ഇരുവരും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ശനിയാഴ്ചയാണ് ഇവർ കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്നര വർഷം മുൻപാണ് ഗന്ധർവും യുവതിയും വിവാഹിതരായത്. നോയിഡയിൽ താമസിച്ചിരുന്ന ഇവർ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയുമായിരുന്നു. ഇതിനിടെയാണ് ഗന്ധർവിന്റെ ബാല്യകാല സുഹൃത്ത് സാഗറിനെ യുവതി പരിചയപ്പെടുന്നത്.

പിന്നീടത് പ്രണയമാകുകയും യുവതി സാഗറിനൊപ്പം ജീവിക്കാനും തുടങ്ങി. തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് സാഗറിനോട് ഗന്ധർവ് പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇക്കാര്യം വകവയ്ക്കാതെ ഒരുമിച്ച് താമസിക്കുന്നത് തുടർന്നതോടെ ഇവരെ ഗന്ധർവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.