ന്യുഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആശ്വാസം. ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സിസോദിയയ്ക്ക് ആഴ്ചയിൽ ഒരിക്കൽ ഇളവ് അനുവദിച്ച് റോസ് അവന്യൂ കോടതി. രോഗബാധിതയായി ചികത്സയിൽ കഴിയുന്ന ഭാര്യയെ പരിചരിക്കാനും ഡോക്ടറെ കാണാനുമാണ് ഇളവ്. കഴിഞ്ഞ നവംബറിൽ ദീപാവലി സമയത്ത് ഭാര്യയെ കാണാൻ കോടതി ഇളവ് നൽകിയിരുന്നു.

ഭാര്യയെ ആഴ്ചയിൽ രണ്ടു ദിവസം സന്ദർശിക്കാൻ പരോൾ അനുവദിക്കണമെന്ന് സിസോദിയ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ച റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ ഈ മാസം രണ്ടിന് ഇ.ഡിക്ക് നോട്ടീസ് നൽകിയിരുന്നു. ആദ്യ അപേക്ഷയിൽ ജാമ്യം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടതെങ്കിൽ രണ്ടാമത്തെ അപേക്ഷിയിൽ ആഴ്ചയിൽ രണ്ട് ദിവസം കസ്റ്റഡി പരോൾ ആണ് തേടിയിരുന്നത്.

മദ്യനയവുമായി ബന്ധപ്പെട്ട 622 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് സിബിഐയും ഇ.ഡിയും സിസോദിയയെ അറസ്റ്റു ചെയ്തത്. ഫെബ്രുവരി 26ന് സിബിഐയും മാർച്ച് 9ന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ ജാമ്യാപേക്ഷ മെയ്‌ 30ന് ഹൈക്കോടതിയും ഒക്*!*!*!േടാബർ 30ന് സുപ്രീം കോടതിയും തള്ളിയിരുന്നു.