ന്യൂഡൽഹി: പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപകനായ മാവോ സെ തുങിനെ അനുസ്മരിച്ച് സിപിഎം. മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ശാശ്വതമായ പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അന്തരിച്ചത്. ബൂർഷ്വാ-ജനാധിപത്യ വിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള ബന്ധം വികസിപ്പിച്ചുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി നടപ്പിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ചൈനീസ് ജനതയ്ക്കും സാധിച്ചത് സഖാവ് മാവോ സെദുങിന്റെ നേതൃത്വത്തിലാണെന്ന് സിപിഎം അനുസ്മണ കുറിപ്പിൽ പറഞ്ഞു.

മാവോ വളരെ നൈപുണ്യത്തോടെയും സൂക്ഷ്മതയോടെയും സമഗ്രതയോടെയും ഏറ്റെടുത്ത മഹത്തായ ദൗത്യം മാർക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ചൈനയിൽ നിലനിന്നിരുന്ന സവിശേഷ സാഹചര്യങ്ങളിൽ പ്രയോഗിക്കുക എന്നതായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും സിപിഎം കുറിപ്പിൽ അഭിപ്രായപ്പെടുന്നു.

1949 ഒക്ടോബറിലെ വിപ്ലവത്തിന്റെ വിജയത്തിനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ രൂപീകരണത്തിനും തൊട്ടുപിന്നാലെ, സോഷ്യലിസത്തിലേക്കുള്ള ചൈനയുടെ മാറ്റം ക്രമേണ സാക്ഷാത്കരിക്കാനും ചൈനയുടെ മിക്ക ഭാഗങ്ങളിലും ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയുടെ സോഷ്യലിസ്റ്റ് പരിവർത്തനം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അതിവേഗം പുനർനിർമ്മിക്കാനും നേതൃത്വം നൽകിയത് സഖാവ് മാവോ സെദുങ് ആയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

സിപിഎം കുറിപ്പ് പൂർണരൂപം: ലോകം കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഒരാളും, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനുമായ സഖാവ് മാവോ സെദുങ് വിട പറഞ്ഞിട്ട് ഇന്നേക്ക് 46 വർഷമാകുന്നു. മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ശാശ്വതമായ പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് 1976 സെപ്റ്റംബർ 9-ന് അദ്ദേഹം അന്തരിച്ചത്. ബൂർഷ്വാ-ജനാധിപത്യ വിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള ബന്ധം വികസിപ്പിച്ചുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി നടപ്പിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ചൈനീസ് ജനതയ്ക്കും സാധിച്ചത് സഖാവ് മാവോ സെദുങിന്റെ നേതൃത്വത്തിലാണ്.

1893 ഡിസംബർ 26ന് ഹുനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച മാവോ, ഒക്ടോബർ വിപ്ലവത്തിന്റെ സ്വാധീനത്തിൽ മാർക്‌സിസം-ലെനിനിസത്തിലേക്ക് ആകൃഷ്ടനാകുകയും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിൽ ചേരുകയും ചെയ്തു. കുമിങ്താങിനും അമേരിക്കൻ സാമ്രാജ്യത്വത്തിനുമെതിരായ ചൈനീസ് ജനതയുടെ ധീരോജ്വലമായ പോരാട്ടം, ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ വിജയത്തിലും പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിലുമാണ് കലാശിച്ചത്. ഈ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് മാവോയാണ്. മഹത്തായ ഒക്ടോബർ വിപ്ലവത്തിനും, രണ്ടാം ലോകയുദ്ധത്തിലെ ഫാഷിസത്തിനെതിരായ വിജയത്തിനോടുമൊപ്പം ചേർത്തുവയ്ക്കാവുന്ന, ആഗോളതലത്തിൽ വർഗ്ഗശക്തികളുടെ പരസ്പരബന്ധത്തെ സമൂലമായി മാറ്റിമറിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ചൈനീസ് വിപ്ലവവും.

ചൈനയിൽ നിലനിന്നിരുന്ന വിവിധ വർഗങ്ങളുടെ- സവിശേഷമായി തൊഴിലാളി വർഗ്ഗത്തിന്റെയും അതിന്റെ ശത്രുക്കളുടെയും സ്ഥിതിയെക്കുറിച്ചുള്ള അഗാധമായ പഠനം നടത്തിയ ധിഷണാശാലിയായിരുന്നു മാവോ എന്ന് അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് വ്യക്തമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ റെഡ് ആർമി സംഘടിപ്പിച്ച ലോങ് മാർച്ച് ലോക വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മഹത്തായ അധ്യായമാണ്. മാവോ വളരെ നൈപുണ്യത്തോടെയും സൂക്ഷ്മതയോടെയും സമഗ്രതയോടെയും ഏറ്റെടുത്ത ഒരു മഹത്തായ ദൗത്യം മാർക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ചൈനയിൽ നിലനിന്നിരുന്ന സവിശേഷ സാഹചര്യങ്ങളിൽ പ്രയോഗിക്കുക എന്നതായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

1949 ഒക്ടോബറിലെ വിപ്ലവത്തിന്റെ വിജയത്തിനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ രൂപീകരണത്തിനും തൊട്ടുപിന്നാലെ, സോഷ്യലിസത്തിലേക്കുള്ള ചൈനയുടെ മാറ്റം ക്രമേണ സാക്ഷാത്കരിക്കാനും ചൈനയുടെ മിക്ക ഭാഗങ്ങളിലും ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയുടെ സോഷ്യലിസ്റ്റ് പരിവർത്തനം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അതിവേഗം പുനർനിർമ്മിക്കാനും നേതൃത്വം നൽകിയത് സഖാവ് മാവോ സെദുങ് ആയിരുന്നു.