മംഗളൂരു: എം.ബി.ബി.എസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. അമിത വണ്ണത്തെത്തുടർന്നുള്ള മാനസിക വിഷമവും നിരാശയും കാരണമാണ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ പ്രകൃതി ഷെട്ടി (20) ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നൽകുന്ന സൂചന.

തിങ്കളാഴ്ച രാവിലെയാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയത്. ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനിയാണ് പ്രകൃതി. അമിത വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്താതായതോടെ വിദ്യാർത്ഥിനി ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ കുറിപ്പിലും ഇതുസംബന്ധിച്ച സൂചനകളാണുള്ളത്. ജീവിതം ഏറെ നിരർഥകമായി അനുഭവപ്പെടുന്നുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. സ്വകാര്യ മെഡിക്കൽ കോളജിലെ ഹോസ്റ്റലിന്റെ ആറാം നിലയിൽനിന്നാണ് ചാടി മരിച്ചത്.

'എം.ബി.ബി.എസ് കോഴ്‌സ് പൂർത്തിയാക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, എന്റെ അമിതവണ്ണം എല്ലാറ്റിനും വിലങ്ങുതടിയായി. തടി കുറക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലാവുകയാണ്. അതേതുടർന്നുള്ള വിഷാദമാണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്' -ആത്മഹത്യ കുറിപ്പിൽ വിദ്യാർത്ഥിനി എഴുതി. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.