- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യാ സഹോദരന്റെ ഉയർന്ന സാമ്പത്തിക നിലയിൽ അസൂയ; മീററ്റിൽ ഗർഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ്; പണവും ആഭരണങ്ങളും കവർന്നു; പ്രതികളിൽ ഒരാൾ ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കട്ടിലിനുള്ളിലെ അറയിൽ ഒളിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ട ശിഖ(26)യുടെ ഭർത്താവ് സന്ദീപിന്റെ സഹോദരീ ഭർത്താവായ ഹരീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സന്ദീപിന്റെ കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലായതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. ഹരീഷ് കുമാറും രണ്ട് കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയത്.
സന്ദീപിന്റെ ഭാര്യ ശിഖ, മകൻ രുക്നാഷ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബാങ്ക് മാനേജരായ സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുറിയിലെ കട്ടിലിനുള്ളിലെ അറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൈകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു യുവതിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിലെ അറയിൽ ഒളിപ്പിച്ചിരുന്നത്.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ്‌കുമാറിനെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ടുപേർ കൂടി കൃത്യത്തിൽ പങ്കെടുത്തിരുന്നു. ഇതിലൊരാളായ രവി സിങ്ങിനെ കഴിഞ്ഞദിവസം ഹാപുരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊലക്കേസിൽ അറസ്റ്റ് ഭയന്ന് ഇയാൾ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.
സന്ദീപിന്റെ സഹോദരീഭർത്താവായ ഹരീഷ് ടാക്സി ഡ്രൈവറാണ്. നേരത്തെ ഒരുവിവാഹ ചടങ്ങിലെ കവർച്ച അടക്കം ചില മോഷണക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സന്ദീപും കുടുംബവും തന്നെക്കാൾ ഉയർന്നനിലവാരത്തിൽ ജീവിക്കുന്നതും ഉയർന്ന സാമ്പത്തിക ചുറ്റുപാടുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. സംഭവദിവസം ഹാപുരിലെ രണ്ട് സുഹൃത്തുക്കളെ കൂട്ടിയാണ് ഇയാൾ സന്ദീപിന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനായിരുന്നു പദ്ധതി.
എന്നാൽ എട്ടുമാസം ഗർഭിണിയായ ശിഖയും മകൻ രുക്നാഷും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ച പ്രതികൾ രണ്ടുപേരെയും കൊലപ്പെടുത്തി. പിന്നാലെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു. ഇതിനിടെ, ശിഖയുടെ അമ്മ വീട്ടിലെത്തിയിരുന്നു. വീടിന് പുറത്ത് ഇവരെ കണ്ടതോടെ യുവതിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിനുള്ളിലെ അറയിൽ ഒളിപ്പിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഭർത്താവ് വീട്ടിലെത്തി തിരച്ചിൽ നടത്തിയതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.