മുംബൈ: മൊബൈൽ ആപ്പ് വഴി ലൈവ് സെക്സ് ഷോ പ്രദർശിപ്പിച്ചതിന് രണ്ടു സ്ത്രീകൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ആപ്പിന്റെ ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മുംബൈയിലാണ് സംഭവം. ഗൂഗിൾ പ്ലേ സ്റ്റോറിലെ പിഹു ഒഫീഷ്യൽ ആപ്പ് വഴി ലൈവ് സെക്സ് ഷോ പ്രദർശിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വെർസോവയിൽ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ലൈവ് സെക്സ് ഷോ കാണുന്നതിന് ഉപയോക്താക്കളിൽ നിന്ന് ആയിരം മുതൽ പതിനായിരം രൂപ വരെ ഈടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കൾക്ക് അശ്ലീല ദൃശ്യങ്ങൾ വിറ്റു, അശ്ലീല ദൃശ്യങ്ങൾ കാണാൻ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.