ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളെ തിരിച്ചെത്തിച്ചതിൽ രാജ്യത്തെ ജനങ്ങൾ ആഹ്‌ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവയ്ക്ക് പേരിടാനും പൊതുജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കുമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാൻ എപ്പോഴാണ് ഒരു അവസരം ലഭിക്കുക എന്നാണ്. ഉടൻ അതിനുള്ള അവസരം ഒരുങ്ങുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ, സ്വാശ്രയ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പ്രദാനമന്ത്രി ഇന്ന് മൻ കി ബാത്തിൽ സംസാരിച്ചത്.

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇന്ത്യൻ വിപ്ലവകാരി ഭഗത് സിങ്ങിന്റെ പേര് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്രസമരസേനാനികളുടെ പേര് വിവിധ സ്ഥാപനങ്ങൾക്കും മറ്റും നൽകുന്നത് അവർക്കുള്ള നമ്മുടെ ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെ കുറിച്ചും പരാമർശിച്ചു. കേൾവിശക്തിയില്ലാത്ത മഞ്ജു ആംഗ്യഭാഷാ അദ്ധ്യാപികയാകാൻ തീരുമാനിച്ചതിനെ കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്.