- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ; ജി-7 ഉച്ചകോടിയിലും ഇൻപേഴ്സൺ ക്വാഡ് നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും; സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയേക്കും
ഹിരോഷിമ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഗ്രൂപ്പിന്റെ വാർഷിക ഉച്ചകോടിയിലും മൂന്നാമത് ഇൻപേഴ്സൺ ക്വാഡ് നേതാക്കളുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ പാദമായാണ് മോദി ജപ്പാനിലെത്തിയത്.
40 പ്രോഗ്രാമുകളിൽ മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉച്ചകോടികളിലും ഉഭയകക്ഷി യോഗങ്ങളിലും അദ്ദേഹം രണ്ട് ഡസനിലധികം ലോക നേതാക്കളുമായി സംവദിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജപ്പാനിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കിയും കൂടിക്കാഴ്ച നടത്തും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശനത്തിന് ശേഷമുള്ള ഇരു നേതാക്കളുടെയും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ചർച്ചയാവും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര മാർഗങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിൽ ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയിൽ മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവയാണ് ജി-7 അംഗരാജ്യങ്ങൾ. പ്രത്യേക ക്ഷണിതാവായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഹിരോഷിമയിൽ മെയ് 19 മുതൽ 21 വരെയാണ് ഉച്ചകോടി.
മറുനാടന് മലയാളി ബ്യൂറോ