- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിനും പേരുമാറ്റം; മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ; തീരുമാനം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി; ജനുവരി 29-ന് ഉദ്ഘാടനം
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്ത് കേന്ദ്രസർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരുമായി ചേരുന്നതിനാലാണ് 'അമൃത് ഉദ്യാൻ' എന്ന പേരിട്ടത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത സ്ഥിരീകരിച്ചു.
സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെയും പേരുമാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.
ബ്രിട്ടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവ ഉൾപ്പെടുന്ന ന്യൂഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിർമ്മാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമ്മിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്ന പേരുനൽകിയത്. ജനുവരി 29 ന് അമൃത് ഉദ്യാൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി അമൃത് ഉദ്യാൻ തുറന്നുകൊടുക്കും.
സാധാരണയായി ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങൾക്ക് ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കുന്നത്. ഇക്കാലത്ത് ഉദ്യാനത്തിൽ പുഷ്പകാലമാണ്. കർഷകർക്കും ഭിന്നശേഷിക്കാർക്കും കൂടി ഉദ്യാനസന്ദർശനം സാധ്യമാകുന്നതിന് വേണ്ടിയാണ് സന്ദർശനസമയം വർധിപ്പിച്ചിരിക്കുന്നതെന്ന് നവിക ഗുപ്ത പറഞ്ഞു.
പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ദീർഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലർന്ന ഉദ്യാനത്തിൽ ഹെർബൽ ഗാർഡനും മ്യൂസിക്കൽ ഗാർഡനും സ്പിരിച്വൽ ഗാർഡനുമുണ്ട്. മുഗൾ ഭരണകാലത്താണ് ഉദ്യാനം നിർമ്മിച്ചത്. ഉദ്യാനനിർമ്മിതിക്ക് പേർഷ്യൻരീതിയുടെ സ്വാധീനമുണ്ട്. രാഷ്ട്രപതി ഭവനെ അത്യാകർഷകമാക്കുന്നതിൽ ഉദ്യാനത്തിന് ഗണ്യമായ പങ്കുണ്ട്.