ബംഗളൂരു: കലബുറഗിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പട്ടാപ്പകൽ അക്രമികൾ വെട്ടിക്കൊന്നു. അഫ്‌സൽപൂർ താലൂക്കിൽ ചൗതാപൂർ ബസ്സ്റ്റാൻഡിൽ വെള്ളിയാഴ്ചയാണ് സംഭവം. അഫ്‌സൽപൂർ മദര ബി വില്ലേജ് പഞ്ചായത്ത് പ്രസിഡന്റ് ഗൗഡപ്പ ബിരദാർ (46) ആണ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ അജ്ഞാത അക്രമി സംഘം ബസ് സ്റ്റാൻഡിലിട്ട് ബിരദാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നൂറുകണക്കിനാളുകൾ നോക്കിനിൽക്കെയാണ് കൊലപാതകം അരങ്ങേറിയത്. ബിരദാർ ചോരവാർന്ന് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ഗൂലബർഗ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റമോർട്ടത്തിനായി മാറ്റി. നാലുതവണ ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗഡപ്പ ബിരദാർ അടുത്തിടെയാണ് പഞ്ചായത്ത് പ്രസിഡന്റായത്.

ഇരു കുടുംബങ്ങൾ തമ്മിൽ നേരത്തെ നിലനിൽക്കുന്ന ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിരദാറിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തി. എന്നാൽ, കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് അഫ്‌സൽപൂർ എംഎ‍ൽഎ എം.വൈ. പാട്ടീൽ ആരോപിച്ചു. സംഭവത്തിൽ ദേവാൽ ഗംഗാപൂർ പൊലീസ് കേസെടുത്തു.