സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഉള്ളി അരിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒപ്പം താമസിക്കുന്നയാളെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു.തുണിമിൽ തൊഴിലാളിയായ ജിയൂത്ത് രാജ്ഭാറിനെയാണ് ഒപ്പം താമസിക്കുന്ന രാജു ചൗഹാൻ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം നടന്നത്.

രാജു ചൗഹാനും രാജ്ഭാറും തുണിമില്ലിനോട് ചേർന്നുള്ള മുറിയിൽ ഒരുമിച്ചാതിരുന്നു താമസം. പുതുവർഷത്തലേന്ന് രാത്രി ഭക്ഷണത്തിനിടെ രാജ്ഭാർ പ്രതി രാജുവിനോട് ഉള്ളി അരിഞ്ഞുകൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ പ്രതി രാജ്ഭാറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ കല്ല് കൊണ്ടിടിച്ച് പ്രതി സുഹൃത്തിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2023 ഓഗസ്റ്റിലാണ് കൊല്ലപ്പെട്ട രാജ്ഭാർ സൂറത്തിൽ ജോലിക്കെത്തിയത്. പ്രതിയായ രാജുവിനും ഇയാളുടെ സുഹൃത്തായ ശ്രാവൺ റായിക്കും ഒപ്പം താമസിച്ചുവരികയായിരുന്നു രാജ്ഭാർ. സംഭവദിവസം ഉള്ളി അരിയാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി രാജ്ഭാറും ചൗഹാനും തമ്മിൽ തർക്കമുണ്ടായപ്പോൾ സുഹൃത്തായ ശ്രാവണും മുറിയിലുണ്ടായിരുന്നു. എന്നാൽ ഭക്ഷണശേഷം ശ്രാവൺ തിരികെ തുണിമില്ലിലെ ജോലിക്ക് പോയി. ഇതിനുപിന്നാലെയാണ് പ്രതിയും രാജ്ഭാറും തമ്മിൽ വീണ്ടും തർക്കവും വാക്കേറ്റവുമുണ്ടായതെന്നും തുടർന്നാണ് പ്രതി രാജ്ഭാറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതി തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി മുറിയിൽനിന്ന് മുങ്ങി. പ്രതി ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ആർപിഎഫിന് വിവരം കൈമാറുകയും മഹാരാഷ്ട്രയിൽ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.