കോയമ്പത്തൂർ: ചെട്ടിപാളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. വാൽപ്പാറ ഷോളയാർ നഗറിൽ ചന്ദ്രജ്യോതി (41), പെരമ്പല്ലൂർ അയക്കൂടി സൗത്ത് സ്ട്രീറ്റിൽ സുരേഷ് (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഫിസിയോതെറാപ്പിസ്റ്റായ, മലുമിച്ചാംപട്ടി അംബേദ്കർ നഗറിൽ ധനലക്ഷ്മിയെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 30-നായിരുന്നു സംഭവം. സംഭവസമയത്ത് ധനലക്ഷ്മി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ കടന്ന ഇരുവരും ധനലക്ഷ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും എട്ടുപവൻ ആഭരണവുമായി രക്ഷപ്പെടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസിന്റെ അഞ്ച് ടീമുകൾ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവർ സമാനരീതിയിൽ ഇതിനുമുമ്പും മോഷണം നടത്തിയതായി മൊഴിനൽകിയിട്ടുണ്ട്. ഇരുവരെയുംകോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.