ബംഗളൂരു: പതിവ് ശൈലിയിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രശംസിച്ചും ഏറ്റെടുക്കേണ്ട വെല്ലുവിളികൾ ഓർമിപ്പിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗൾയാൻ വിജയത്തെ ആഘോഷിച്ചത്. ബാഗ്ലൂരിലെ ഇസ്രോ ആസ്ഥാനത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ മോദിയും എത്തി. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോക്ടർ കെ.രാധാകൃഷ്ണനെ കെട്ടിപിടിച്ച് രാജ്യത്തിന്റെ നേട്ടമെന്തെന്ന് മോദി വ്യക്തമാക്കി.

പിന്നീട് ശാസ്ത്ര ലോകത്തോടുള്ള അഭിസംബാധന. മംഗൾയാൻ ശൈലിയെ മാതാവിനോട് ഉപമിച്ച് മോദി കത്തിക്കയറി. ചൊവ്വയ്ക്ക് അമ്മയെ കിട്ടിയെന്നും അമ്മ ആരേയും നിരാശരാക്കില്ലെന്നുമുള്ള പരാമർശങ്ങൾ. പിന്നീട് ഇസ്രോയിലെ ശാസ്ത്രജ്ഞരെ വ്യക്തിപരമായി പരിചയപ്പെട്ടു. യുവ ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസവും നൽകി. ലോക രാജ്യപദവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ജഗദ്‌ഗുരു ഭാരതമെന്ന ഖ്യാതി അനിവാര്യമാണെന്ന് ഓർമിപ്പിച്ചു. അങ്ങനെ മംഗൾയാനൊപ്പം ഇസ്രോ ആസ്ഥാനത്ത് മോദിയും താരമായി. രബീന്ദ്രനാഥ് ടാഗോറിന്റെ വരികൾ ഉദ്ധരിച്ചാണ് മോദി തന്റെ ആശംസ പ്രസംഗം അവസാനിപ്പിച്ചത്.

മാം എന്നാൽ ഹിന്ദിയിൽ അമ്മ. ഇതു മനസ്സിൽ വച്ച് 'മാം കഭി നിരാശ് നഹി കർത്തിഹെ' എന്നാണ് പ്രധാനമന്ത്രി മംഗൾയാൻ ദൗത്യ വിജയത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത്. മാർസ് ഓർബിറ്റർ മിഷൻ (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം എന്നാക്കി മാറ്റിയാണ് ഇസ്രാേയിലെ പ്രസംഗത്തെ മോദി ശ്രദ്ധേയമാക്കിയത്. ആജ് മോം കാ മംഗൾ സെ മിലൻ ഹോ ഗയാ, ഓർ മംഗൾ കോ മോം മിലി ഗയി-അതായത് അമ്മയിന്ന് ചൊവ്വ കണ്ടു. അങ്ങനെ നമ്മുടെ ചൊവ്വയ്ക്ക് അമ്മയെ കിട്ടി-അങ്ങനെ അമ്മയുമായി താരതമ്യം ചെയ്താണ് മംഗൾയാൻ പ്രസംഗത്തെ മോദി ശ്രദ്ധേയമാക്കിയത്.

കന്നി ചൊവ്വ പര്യവേഷണം വിജയിപ്പിച്ചതിലൂടെ അസാധ്യമായത് നേടുന്നത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ശീലമായിരിക്കുന്നു. ജഗദ്‌ഗുരു ഭാരതമെന്ന കടമ ആധുനിക ഇന്ത്യയും നിറവേറ്റികൊണ്ടിരിക്കും. രാജ്യത്തെ ഭരണ സംവിധാനത്തിനും സാമ്പത്തിക മേഖലയ്ക്കും ജീവതി നിലവാരമുയർത്താനുള്ള ശ്രമങ്ങൾക്കും ഇത്തരം ബഹിരാകാശ പരീക്ഷണ നേട്ടങ്ങൾ മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഈ നേട്ടത്തിലൂടെ ജ്വലിക്കുന്നത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാൻ കഴിയുമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ തെളിയിച്ചു. മംഗൾയാൻ യാത്ര മംഗളകരമായിരുന്നു. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാൻ ഇന്ത്യയ്ക്കായി. ദൗത്യം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ ചരിത്രം നമ്മോട് പൊറുക്കില്ല. ടീം ഇന്ത്യ ടൂർണമെന്റ് വിജയിച്ച് വരുന്നതിലും ആയിരം മടങ്ങ് നേട്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

6500 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കൽപശേഷിയുടെ അതിരുകൾ കടക്കാൻ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നു. ഇതോടെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച നാലാമത്തെ വൻശക്തിയായി ഇന്ത്യ മാറി. 51 ചൊവ്വാദൗത്യങ്ങൾ ലോകരാഷ്ട്രങ്ങൾ ഇതുവരെ അയച്ചതിൽ 21 എണ്ണം മാത്രമാണ് വിജയിച്ചത്. അതിൽ ആദ്യദൗത്യം തന്നെ വിജയിപ്പിച്ചത് ഇന്ത്യ മാത്രമാണ്. ഓരോ ഇന്ത്യക്കാരനും ഇതിൽ അഭിമാനിക്കാമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

സൂര്യനിൽനിന്ന് പ്രകാശകിരണങ്ങൾ ഭൂമിയിലെത്തുന്നതിനേക്കാൾ ദൂരം സഞ്ചരിച്ചാണ് മംഗൾയാനിൽനിന്ന് റേഡിയോ സിഗ്‌നലുകൾ എത്തിയത്. ഈ വിജയം നേടാനായി ഇന്ത്യൻ ശാസ്ത്രജ്ഞർമാർ ഏറെ ത്യാഗം അനുഭവിച്ചു. ഒരു ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ചെലവിൽ മംഗൾയാൻ വിജയിപ്പിക്കാനായെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്നു ചരിത്രമാണ് ഉണ്ടായത്. ചൊവ്വയിലെത്തിയ നാലാം രാജ്യമാണ് ഇന്ത്യ. ഏഷ്യയിലെ ആദ്യ രാജ്യവും. ആദ്യ ദൗത്യത്തിൽ തന്നെ വിജയം നേടുന്ന രാജ്യവുമായി ഇന്ത്യ മാറി. അടുത്ത ദൗത്യത്തിന്റെ ചവിട്ടുപടിയായി മാത്രം ഈ വിജയത്തെ കാണുക. വിജയത്തിലൂടെ നമ്മുടെ പൂർവികരെ ആദരിക്കുകയും വരും തലമുറയ്ക്ക് ആവേശമാകുകയുമാണ് ശാസ്ത്രജ്ഞർ ചെയ്തതെന്നും മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.