ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ വരുത്തിയപ്പോൾ ഇന്ദിരാഗാന്ധിയുടെയും, പ്രശസ്ത നടി നർഗ്ഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള പുരസ്‌ക്കാരത്തിൽ നിന്ന് നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി.

സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടേതാണ് തീരുമാനം. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കാലോചിത പരിഷ്‌കാരങ്ങൾ വരുത്തുന്നതിനായി വാർത്താവിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചു. 70ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്. കോവിഡ് മഹാമാരിയുടെ കാലത്താണ് സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ അംഗങ്ങളായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നത്.

ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാര തുക നേരത്തേ സംവിധായകനും നിർമ്മാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതൽ സംവിധായകനു മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്തു നൽകുന്ന പരമോന്നത പുസ്‌കാരമായ ബാബാ സാഹിബ് ഫാൽക്കേ പുരസ്‌കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്കു നൽകുന്ന സ്വർണകമലം പുരസ്‌കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്‌കാരങ്ങൾക്ക് 2 ലക്ഷം രൂപയുമാക്കി പരിഷ്‌കരിച്ചു.

ശബ്ദ വിഭാഗത്തിൽ ഉൾപ്പെടെ സാങ്കേതിക വിഭാഗത്തിലെ ചില മാറ്റങ്ങളാണ് താൻ നിർദ്ദേശിച്ചിരുന്നതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. 2022ലെ ഏഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച മാറ്റം വരുത്തിയിരിക്കുന്നത്. കൊവിഡിനെതുടർന്ന് 2023ലാണ് 2021ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകിയത്. ജനുവരി 30 ആയിരുന്നു 2022ലെ അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ഇനി മുതൽ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാർഡ് എന്ന പേരിലായിരിക്കും നൽകുക. സാമൂഹിക, പാരിസ്ഥിതിക പ്രസക്തിയുള്ള ചിത്രങ്ങൾക്ക് നൽകിയിരുന്ന പുരസ്‌കാരങ്ങൾ ഒഴിവാക്കിയാണ് ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം പുതിയ പേരിൽ നൽകുന്നത്.