ചെന്നൈ: സിനിമ മേഖലയിൽ പ്രമുഖ നടിമാർ ഉൾപ്പെടെ നേരിടേണ്ടി വരുന്ന കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയർന്നിട്ടുണ്ട്. പ്രമുഖരായ പല നടിമാരും തങ്ങൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങളേക്കുറിച്ച് പലതവണകളിലായി തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി നയൻതാര.ഒരു അഭിമുഖത്തിലാണ് നയൻതാരയുടെ വെളിപ്പെടുത്തൽ.

കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയൻതാര പറഞ്ഞു. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി.

'കരിയറിന്റെ തുടക്കത്തിൽ ഒരു പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്ത് എന്നെ സമീപിച്ചു. പകരം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു. എന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ഞാൻ ആ അവസരം ഒഴിവാക്കി'- നയൻതാര പറയുന്നു.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നയൻതാരയുടെ വെളിപ്പെടുത്തലുകൾ സിനിമ മേഖലയിലെ ഗുരുതരമായ ഈ പ്രശ്‌നത്തെക്കുറിച്ചും മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും പുതിയ സംവാദത്തിന് തുടക്കമിട്ടേക്കാം. 'കാസ്റ്റിങ് കൗച്ച്' പ്രശ്‌നം വളരെക്കാലമായി സിനിമ രംഗത്ത് നിലനിൽക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയൻസിന്റെ വെളിപ്പെടുത്തൽ.

സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്‌ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയൻതാര. മലയാളത്തിൽ തുടക്കം കുറിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് നയൻതാരയുടെ സിനിമാ ജീവിതം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ഹിന്ദി സിനിമാ ലോകത്തേക്കും പ്രവേശിക്കാനിരിക്കുകയാണ് അവർ. നിലവിൽ മക്കൾക്കായി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നയൻതാര.

കണക്റ്റ് എന്ന തമിഴ് സിനിമയാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇരൈവനാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നയൻതാര.

നേരത്തേ നടി അനുഷ്‌ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലർ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അനുഷ്‌ക ഷെട്ടി പറഞ്ഞത്.