ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ അതൃപ്തി പരസ്യമാക്കിയത്. നന്ദി അവാര്‍ഡിന് പകരം സിനിമ രംഗത്തുള്ളവര്‍ക്ക് നല്‍കുന്ന സംസ്ഥാന പുരസ്‌കാരം ഗദ്ദര്‍ അവാര്‍ഡായി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ തെലുങ്ക് സിനിമാ വ്യവസായം മൗനം പാലിച്ചെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുറന്നടിച്ചത്.

ഇത് വലിയ വാര്‍ത്ത ആയതിന് പിന്നാലെ ആദ്യ പ്രതികരിച്ചത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യമാക്കാന്‍ തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും മറ്റ് സംഘടനകളും മുന്നോട്ട് വരണമെന്ന് അദ്ദേഹം എക്‌സില്‍ നടത്തിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ചിരഞ്ജീവിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിനിമാ മേഖലയിലെ പല പ്രമുഖരും സര്‍ക്കാറിന്റെ നിര്‍ദേശത്തോട് പ്രതികരിച്ച് രംഗത്ത് എത്തി. ചിരഞ്ജീവിയുടെ അഭ്യര്‍ത്ഥന മാനിച്ച് തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നിര്‍ദ്ദേശത്തോട് ഔദ്യോഗികമായി പ്രതികരിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സിനിമ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട്‌റെഡ്ഡിയെയും അഭിസംബോധ ചെയ്താണ് കത്ത് ആരംഭിക്കുന്നത്. പാന്‍ ഇന്ത്യ തലത്തിലേക്ക് വളര്‍ന്ന തെലുങ്ക് സിനിമ രംഗത്തിന്റെ തുടര്‍ന്നുള്ളവളര്‍ച്ചയ്ക്ക് ഇത്തരം സര്‍ക്കാര്‍ പ്രോത്സാഹനം നല്ലതാണെന്ന് തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പറയുന്നു.

ഇതിന് പുറമേ വെറും സിനിമ മേഖലയില്‍ ഒതുങ്ങാത്ത അവാര്‍ഡ് ആയിരിക്കണമെന്നും. അതിനാല്‍ ടിവി അടക്കം മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് വിശദമായ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ നല്‍കാം എന്നാണ് തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് കത്തില്‍ പറയുന്നത്.

ജൂലൈ 30ന് തെലുങ്ക് സാഹിത്യകാരന്‍ സി നാരായണ റെഡ്ഡിയുടെ പേരിലുള്ള സാഹിത്യ അവാര്‍ഡ് വിതരണ ചടങ്ങിലാണ് തെലുങ്ക് കവി ഗദ്ദറിന്റെ പേരില്‍ സിനിമ രംഗത്തിന് അവാര്‍ഡ് നല്‍കാന്‍ ശ്രമിക്കുന്നതും. എന്നാല്‍ അതിന് അനുകൂലമായി ടോളിവുഡ് പ്രതികരിച്ചില്ലെന്നും തെലങ്കാന മുഖ്യമന്ത്രി പ്രതികരിച്ചത്.