ന്യൂഡല്‍ഹി: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് പള്ളി തര്‍ക്കക്കേസിലെ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം പൊളിച്ചാണു ഈദ്ഗാഹ് മസ്ജിദ് പണിതതെന്നു ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പ്രധാന ഹര്‍ജി. ഇതുള്‍പ്പെടെ ഹര്‍ജികളുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് അലഹാബാദ് ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിന്‍ തള്ളിയത്. ഫലത്തില്‍, ഷാഹി ഈദ്ഗാഹ് പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള 18 ഹര്‍ജികളിലും വാദം തുടരും.

ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തിനു മേല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്നും ഇതു നിലനില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം തിരികെ ക്ഷേത്രത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജികള്‍. എന്നാല്‍, 1991ലെ ആരാധനാലയ നിയമ പ്രകാരം ഈ ഹര്‍ജികള്‍ക്ക് നിലനില്‍പ്പില്ലെന്നാണ് മുസ്ലിം വിഭാഗം ചൂണ്ടിക്കാട്ടുന്നത്.